സാന്ത്വനം ആരോഗ്യ സമൃദ്ധി പദ്ധതി ഉത്ഘാടനം ചെയ്തു…
ലത്തീൻ കത്തോലിക്കാ തിരുവനന്തപുരം അതിരൂപത സംഘടിപ്പിച്ച ജൂബിലി വർഷ സമാപനം 04-01-2026 നു ഉച്ചയ്ക്ക് 2 മണിക്ക് പാളയം സെൻറ് ജോസഫ് ഭദ്രാസന ദേവാലയത്തിൽ നിന്ന് പ്രേഷിത റാലിയോടെ നടത്തപ്പെട്ടു. തുടർന്ന് സെൻറ് ജോസഫ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന സമാപന സമ്മേളനം ലത്തീൻ അതിരൂപത ആർച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ ഉത്ഘാടനം ചെയ്തു. അതിരൂപത സഹായ മെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സുസ്ഥിര ആരോഗ്യവും സമൃദ്ധിയും ലക്ഷ്യമാക്കി നടപ്പിലാക്കുന്ന സാന്ത്വനം ആരോഗ്യ സമൃദ്ധി പദ്ധതിയും, പദ്ധതിയുടെ ദർശനവും ലക്ഷ്യങ്ങളും ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ റവ. ഡോ .ലെനിൻ രാജ് റ്റി. അവതരിപ്പിച്ചു. പ്രത്യാശയുടെയും രോഗശാന്തിയുടെയും സന്ദേശം വിശ്വാസത്തിന്റെ സ്പഷ്ടമായ പ്രവർത്തികളിലൂടെ ദരിദ്രരും, രോഗികളും, പാർശ്വവൽക്കരിക്കപ്പെട്ടവരുമായ സഭാ മക്കളിൽ അനുഭവവേദ്യമാക്കുവാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു. പദ്ധതിയുടെ ലോഗോ പ്രകാശനവും ഉത്ഘടനവും ആർച് ബിഷപ്പ് ഇമെരിറ്റസ് ഡോ. എം. സൂസപാക്യം നിർവഹിച്ചു.
ജൂബിലി മെമ്മോറിയൽ ആശുപത്രിയുമായും T.S.S.S. മായും ബന്ധിപ്പിച്ച് അതിരൂപതയുടെ കീഴിൽ ഒരു സ്ഥിരം ആരോഗ്യ അപ്പോസ്തോലേറ്റായി ഈ പദ്ധതി പരിണമിക്കും എന്ന് ഫാ. ലെനിൻ രാജ് അഭിപ്രായപ്പെട്ടു. പ്രസ്തുത സമ്മേളനത്തിൽ റവ. മോൺ. യൂജിൻ എച്. പെരേര, പ്രൊഫ. ജോസഫ് ആന്റണി, റവ. സിസ്റ്റർ. ആന്റണി ഷഹീല, ശ്രീ. പ്ലാസിഡ് ഗ്രിഗറി എന്നിവർ സംസാരിച്ചു.

