News

banner-shape

ലെന്നി പീറ്റേഴ്സ് ഗേൾസ് ഹോമിൽ മാനസികാരോഗ്യ ബോധവത്കരണം

2026 ഓഗസ്റ്റ് 1-ാം തീയതി രാവിലെ 10 മണിക്ക് ജൂബിലി ഹോസ്പിറ്റലിലെ സൈക്കാട്രി ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ, ഡോ. ശ്രേയസ് സൂസൻ വർഗീസിന്റെ നേതൃത്വത്തിൽ ടി. എസ്. എസ്. എസ്സിന്റെ കീഴിലുള്ള കുട്ടികളുടെ സ്ഥാപനമായ ലെന്നി പീറ്റേഴ്സ് ഗേൾസ് ഹോമിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

പരിപാടിയുടെ തുടക്കത്തിൽ തന്നെ കുട്ടികൾക്ക് തങ്ങൾക്ക് അറിയാൻ താൽപര്യമുള്ളതും സംശയമുള്ളതുമായ കാര്യങ്ങൾ എഴുതി നൽകാൻ ഡോ. ശ്രേയസ് ആവശ്യപ്പെട്ടു. കുട്ടികൾ സജീവമായി ഇതിൽ പങ്കുചേരുകയും തങ്ങളുടെ സംശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. കുട്ടികൾ ഉന്നയിച്ച ചോദ്യങ്ങളുടെയും സംശയങ്ങളുടെയും അടിസ്ഥാനത്തിൽ ഡോ. ശ്രേയസ് വിവിധ വിഷയങ്ങളെക്കുറിച്ച് വിശദമായ ബോധവൽക്കരണം നൽകി.

വിഷാദരോഗം, Self-understanding, Self-esteem, Stress Management, Sexuality തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ക്ലാസിൽ ചർച്ച ചെയ്തത്. കുട്ടികളുടെ പ്രായത്തിനും മാനസികാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിൽ ലളിതമായും വ്യക്തമായും വിഷയങ്ങൾ അവതരിപ്പിച്ചു. കുട്ടികൾക്ക് അവരുടെ വികാരങ്ങളെയും വ്യക്തിത്വത്തെയും കൂടുതൽ മനസ്സിലാക്കാനും സമ്മർദ്ദങ്ങളെ ആരോഗ്യകരമായി കൈകാര്യം ചെയ്യാനും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനും ആവശ്യമായ നിർദേശങ്ങൾ നൽകി.

തുടർന്ന് സോഷ്യൽ വർക്കർമാർ കുട്ടികളുമായി ആശയവിനിമയം നടത്തുകയും അവരുടെ വ്യക്തിപരമായ അനുഭവങ്ങളും ആശങ്കകളും പങ്കുവയ്ക്കുന്നതിനുള്ള അവസരം ഒരുക്കുകയും ചെയ്തു. ഇതോടൊപ്പം Breathing Therapy നടത്തുകയും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും മനസ്സിനെ ശാന്തമാക്കുന്നതിനുമുള്ള പരിശീലനം നൽകുകയും ചെയ്തു.

ശ്രീമതി ബിജി, ഡോക്ടർ ക്ലാസിൽ അവതരിപ്പിച്ച പ്രധാനപ്പെട്ട കാര്യങ്ങൾ കുട്ടികളെ ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുകയും അവ പ്രായോഗിക ജീവിതത്തിൽ എങ്ങനെ പ്രാവർത്തികമാക്കാമെന്ന് വിശദീകരിക്കുകയും ചെയ്തു.

പരിപാടിയുടെ ഭാഗമായി മാനസിക പിന്തുണയും വ്യക്തിഗത മാർഗനിർദേശവും ആവശ്യമായ കുട്ടികളെ കണ്ടെത്തി അവർക്കായി കൗൺസിലിങ് സൗകര്യം ക്രമീകരിച്ചു. ആകെ 9 കുട്ടികൾക്ക് വ്യക്തിഗത കൗൺസിലിങ് നൽകുകയുണ്ടായി. പരിപാടിയിൽ 40-ലധികം പേർ പങ്കെടുത്തു. കുട്ടികളുടെ സജീവമായ പങ്കാളിത്തവും സംശയങ്ങൾ തുറന്ന് ചോദിക്കാനുള്ള താൽപര്യവും പരിപാടിയുടെ പ്രധാന സവിശേഷതയായിരുന്നു. മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും കുട്ടികൾക്ക് തങ്ങളുടെ വികാരങ്ങളെയും പ്രശ്നങ്ങളെയും ആരോഗ്യകരമായി കൈകാര്യം ചെയ്യുന്നതിനും പരിപാടി ഏറെ സഹായകരമായി.

ഉച്ചയ്ക്ക് 1 മണിയോടെ പരിപാടി സമാപിച്ചു.

Scroll to Top